← All posts

HepaA - Chapter 1: Orange Juice

Gerald October 17, 2025

 




കോട്ടയം മെഡിക്കൽ കോളേജ്! അക്കാദമിക്സിന്റെ കാര്യത്തിൽ ടോപ് ലെവലിൽ ആയിരുന്നെങ്കിലും ഫുഡ് ഓപ്ഷൻസിന്റെ കാര്യത്തിൽ ശോകമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. ഞങ്ങൾ ഗേൾസിന് അന്ന ഗാലറി മാത്രമായിരുന്നു ആകെയുള്ള ആശ്രയം. അവിടുത്തെ ചേട്ടനും ചേച്ചിയും ഞങ്ങളെ കണ്ട് മടുത്തിട്ടുണ്ടാകും. ഇതിനൊരു പരിഹാരമായി ഇടയ്ക്കൊക്കെ ഞാനും, പർവീണും, നിഷ ജേക്കബും, കോട്ടയം ടൗണിൽ പോയി ആര്യാസിൽ നിന്നും ഫുഡ് വാങ്ങി കഴിക്കുമായിരുന്നു. അങ്ങനെ കഷ്ടപ്പെട്ട് ജീവിക്കുന്ന കാലത്താണ് MCH-ന്റെ നേരെ ഫ്രണ്ടിൽ ഹോട്ടൽ ആനന്ദ് വരുന്നത്*

A/C റെസ്റ്റോറന്റ്, പിന്നെ നല്ല സ്നേഹമുള്ള പാണ്ടി ചേട്ടന്മാരും. അതിൽ മുരുകൻ ചേട്ടന്റെ സ്നേഹം ഇന്നും കണ്ണു നിറയാതെ ഓർക്കാനാവില്ല.

തിയറി ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് ആനന്ദിൽ കയറുക എന്നത് ഞങ്ങളുടെ ജീവിതഭാഗമായി. പർവീൺ മിക്കപ്പോഴും മീൽസ് ആകും ഓർഡർ ചെയ്യുക. മീൽസിനൊപ്പം ഒരു ചെറിയ ബൗൾ സേമിയ പായസം ഉണ്ടാകാറുണ്ട്. ഞാനും നിഷയും ജ്യൂസോ സ്നാക്സോ കഴിക്കുമ്പോൾ പർവീൺ പായസത്തിന്റെ ഓരോ സിപ്പ് എടുക്കുന്നത് നോക്കി ഞങ്ങൾ കൊതിവിടും. ഞങ്ങളുടെ സങ്കടം മനസ്സിലാക്കി മുരുകൻ ചേട്ടൻ എനിക്കും നിഷയ്ക്കും ഓരോ ബൗൾ പായസം ഫ്രീയായി തരുമായിരുന്നു.

ഞങ്ങളോടൊപ്പം ആനന്ദിലെ സ്ഥിരം കുറ്റിയായിരുന്നു നസിയ. നസിയയുടെ വയറ്റിൽ കോക്കോപ്പുഴു ഉണ്ടാകുമെന്ന് പർവീൺ പറയാറുണ്ട്. എത്ര തിന്നാലും ശരീരത്തിൽ പിടിക്കില്ല! ഇങ്ങനെയൊക്കെ സന്തോഷിച്ചു കഴിയുന്ന സമയത്താണ് ആദ്യത്തെ ഹെപ്പറ്റൈറ്റിസ് ഔട്ട്ബ്രേക്ക് സംഭവിച്ചത്.

നമ്മൾ അന്ന് ഫോർത്ത് ഇയർ. നമ്മുടെ ബാച്ചിൽ പലരും അതിൽ പെട്ടു. എന്റെ യൂണിറ്റിൽ പോളിന് ഹെപ്പറ്റൈറ്റിസ് വന്നതായാണ് എന്റെ ഓർമ്മ. നിസാമിന്റെ കാര്യം ഞാൻ ഓർക്കുന്നില്ല. 

ഇതോടെ പുറത്തു നിന്ന് ഭക്ഷണം കഴിക്കാൻ ഭയമായി. ആനന്ദിലെ മധ്യാഹ്ന ആനന്ദം ഞങ്ങൾ വേണ്ടെന്നുവച്ചു. ഉറപ്പായി മഞ്ഞപ്പിത്തം വരുമെന്നു ഞങ്ങൾ വിചാരിച്ചെങ്കിലും ആ വർഷം കീടാണു ഞങ്ങളെ ഉപേക്ഷിച്ചു കടന്നുപോയി.

അങ്ങനെ ഫൈനൽ ഇയർ ആയി. ഹെപ്പറ്റൈറ്റിസിന്റെ പേടിയൊക്കെ മാറിയ ഞങ്ങൾ വീണ്ടും ആനന്ദിലെ സ്ഥിരം സന്ദർശകരായി. ഞങ്ങളെ കാണാതെ ചങ്കുപൊട്ടി കരഞ്ഞിരുന്നുവെന്ന് മുരുകൻ ചേട്ടൻ ഞങ്ങളോട് തുറന്നു പറഞ്ഞു. 

സർജറി പോസ്റ്റിംഗ് കഴിഞ്ഞ് മെഡിസിൻ പോസ്റ്റിംഗ് തുടങ്ങാറായി. സർജറി എൻഡ് പോസ്റ്റിംഗ് ആഘോഷിക്കാനായി ഞങ്ങൾ ആനന്ദിൽ പോയി. പർവീൺ ചന ബട്ടൂരയും നിഷ വെജ് ഫ്രൈഡ് റൈസും ഓർഡർ ചെയ്തു. ഞാൻ എന്റെ സ്ഥിരം ഓറഞ്ച് ജ്യൂസ് ഓർഡർ ചെയ്യാൻ തുടങ്ങിയപ്പോഴാണ് പേഴ്സ് ഹോസ്റ്റലിൽ മറന്നുവച്ച കാര്യം ഓർത്തത്. വിഷമത്തോടെ ഒന്നും ഓർഡർ ചെയ്യാതിരുന്ന എന്നെക്കണ്ട് എന്റെ ആത്മമിത്രം പർവീണിന് സഹതാപം തോന്നിയിട്ടുണ്ടാവണം. പർവീൺ എന്നോടു പറഞ്ഞു, "എടാ മണ്ണൂ, നീ ഒരു ഓറഞ്ച് ജ്യൂസ് വാങ്ങി കുടിക്ക്. ഞാൻ വാങ്ങിത്തരാം. നമ്മൾ തമ്മിൽ അങ്ങനെ കണക്കു വല്ലതുമുണ്ടോ? എന്റെ പൈസ നിന്റെയുമല്ലേ."

സുഹൃത്തിന്റെ ഔദാര്യം സ്വീകരിക്കാനുള്ള എന്റെ മടി കണ്ട് മറുസൈഡിലിരുന്ന നിഷയും ഏറ്റുപിടിച്ചു, “ഓ, പ്രസിയുടെ ഒരു ജാഡ! മുരുകൻ ചേട്ടാ, ഈ പ്രസിക്കൊരു ഓറഞ്ച് ജ്യൂസ് കൊടുക്ക്.”

ചേട്ടൻ ഒരു വലിയ ഗ്ലാസ് നിറയെ ഓറഞ്ച് ജ്യൂസ് കൊണ്ടുവന്നു. പ്രിയ സുഹൃത്തുക്കളുടെ സ്നേഹാധിക്യത്തിൽ മനസ്സും കണ്ണും നിറഞ്ഞ ഞാൻ ഓറഞ്ച് ജ്യൂസ് വലിച്ച് കുടിച്ചു. കുറച്ച് അവർക്കും കൊടുത്തു. അങ്ങനെ വയറു നിറച്ച് സന്തോഷത്തോടെ ആനന്ദിൽ നിന്നിറങ്ങിയ ഞങ്ങളെ കാത്തിരിക്കുന്നത് വർദ്ധിച്ച വീറോടെ വീണ്ടും പോരാടാനിറങ്ങിയ പഴയ ആ കീടാണു ആണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല.

(തുടരും)

—-----------------------------

*ഹോട്ടൽ ആനന്ദ് ഒരു പുതിയ ഹോട്ടൽ ആയിരുന്നില്ല. മുൻപ് അത് “ഹോട്ടൽ ഡെലീഷ്യ” ആയിരുന്നു. അതിന്റെ മുതലാളി മാമച്ചൻ, 'ഡെലീഷ്യ മാമച്ചൻ' എന്നാണ് അറിയപ്പെട്ടിരുന്നത്. ബിസിനസിൽ ഇടിവ് വന്നപ്പോൾ ഹോട്ടൽ വിറ്റ് മാമച്ചൻ സ്ഥലം വിട്ടു - ചരിത്രം അറിയാവുന്ന എഡിറ്റർ.



Comments

Post a Comment

Search This Blog


Top posts from past

test

The Archive

Browse by label ശേഖരം

ആകസ്മികതയിൽ ഒന്നായ
ഒരു ചങ്ങാതിക്കൂട്ടത്തിന്റെ
ആത്മകഥ