← All posts

സുലു മോൾ സ്റ്റോറീസ്: STD കഥകൾ - ഔസേപ്പച്ചൻ

Gerald October 11, 2025

 

മൂന്നാം വർഷം MD-ക്ക് പഠിക്കുമ്പോൾ ഡിപ്പാർട്ട്മെന്റിൽ വന്ന മറ്റൊരു പ്രതിഭാസമാണ് ഔസേപ്പച്ചൻ. ഞങ്ങളുടെ STD കൗൺസിലർ ആയി വന്നതാണ് പുള്ളി. പേരിൽ പഴമയുണ്ടെങ്കിലും ആളൊരു ചുറുചുറുക്കുള്ള ചെറുപ്പക്കാരനാണ്. ഔസേപ്പച്ചൻ വന്നതോടെ ഉറങ്ങിക്കിടന്ന STD ക്ലിനിക്ക് മൊത്തം ഉണർന്നു. അതിനു കാരണമുണ്ട്. STD കൗൺസിലർ ഒരു കോൺട്രാക്ട് ബേസിസിലുള്ള പോസ്റ്റാണ്. MSW പഠിച്ച ഔസേപ്പച്ചന് ഒറ്റ ആഗ്രഹമേയുള്ളൂ, UK-ക്ക് പോകണം. അതിനു വേണ്ടിയുള്ള പ്രോജക്റ്റ് കംപ്ലീറ്റ് ചെയ്യാനുള്ള ഒരു മാർഗമായാണ് പുള്ളി ജോയിൻ ചെയ്തിരിക്കുന്നത്.

രാവിലെ കൃത്യം എട്ടുമണിക്ക് വന്ന് അരമണിക്കൂർ ബൈബിൾ വായന. അതുകഴിഞ്ഞാൽ പിന്നെ ഔസേപ്പച്ചൻ ഞങ്ങൾക്ക് സ്വൈര്യം തരില്ല. ഇടയ്ക്കിടെ വന്ന് ഞങ്ങളോട് STD കേസുണ്ടോ എന്ന് ചോദിക്കും. ഈ ആത്മാർത്ഥത കണ്ട് മാഡം ഞങ്ങളോട്, “ഔസേപ്പച്ചനെ കണ്ടു പഠിക്കൂ” എന്ന് പറയാൻ തുടങ്ങി. 

പ്രോജക്റ്റ് തീർത്ത് UK-ക്ക് പോകാനുള്ള ത്വരയും സ്വതവേയുള്ള ആത്മാർത്ഥതയും കാരണം STD കേസ് നമ്പർ കൂട്ടാൻ പുള്ളിയൊരു മാർഗം കണ്ടെത്തി. എല്ലാ ദിവസവും ആലപ്പുഴ ബസ് സ്റ്റാൻഡ്, ജനറൽ ഹോസ്പിറ്റൽ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് ഡിപ്പാർട്ട്മെന്റിൽ കൊണ്ടുവരാൻ തുടങ്ങി. ഞങ്ങൾ STD കാർഡ് എഴുതി മടുത്തു. ഔസേപ്പച്ചനെ പേടിച്ച് ഡിപ്പാർട്ട്മെന്റിൽ പോകാൻതന്നെ എനിക്ക് മടിയായി. 

ആയിടയ്ക്കാണ് ഞങ്ങളുടെ ഓൾ ഇന്ത്യ ഡെർമറ്റോളജി അസോസിയേഷൻ (IADVL)-ന്റെ ഓൾ കേരള ക്വിസ് നടന്നത്. ഞങ്ങൾ PG-കൾക്ക് ഇത് ഏറ്റവും പ്രെസ്റ്റീജ്യസ് ആയ ഒരു പ്രോഗ്രാമാണ്. കഴിഞ്ഞ പത്തു വർഷമായി ഇതിന്റെ ഫസ്റ്റ് പ്രൈസ് കോട്ടയവും കാലിക്കറ്റും മാറി മാറി വാങ്ങുകയായിരുന്നു. പക്ഷേ, ആ വർഷം എല്ലാവരെയും അത്ഭുതപ്പെടുത്തി ആലപ്പുഴയുടെ ടീം ആയ ഞാനും പ്രവീണും ഫുൾ ക്വസ്റ്റ്യൻസും ആൻസർ ചെയ്ത് ഫസ്റ്റ് പ്രൈസ് കരസ്ഥമാക്കി. ഞങ്ങളുടെ ഡിപ്പാർട്ട്മെന്റും കോളേജും ഞങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. ഔസേപ്പച്ചൻ ഞങ്ങളെ അനുമോദിച്ചത് ഒരു പത്തുപേരെ ഒരുമിച്ച് STD ക്ലിനിക്കിൽ എത്തിച്ചുകൊണ്ടാണ്. ഇതുകണ്ട് ഞെട്ടിയ എന്നോട് ഔസേപ്പച്ചൻ പറഞ്ഞു: "Doctor, here is a gift for you!"

കൺട്രോൾ പോയ ഞാൻ പുള്ളിയോട് പറഞ്ഞു: "ഔസേപ്പച്ചാ, എനിക്ക് STD കേസുകൾ ഒട്ടും ഇഷ്ടമല്ല. ഇങ്ങനെയുള്ള കേസുകൾ എടുക്കാൻ എന്നെ നിർബന്ധിക്കരുത്."

പെട്ടെന്നുള്ള എന്റെ ദേഷ്യപ്പെടലിൽ കൺഫ്യൂസ്ഡ് ആയ ഔസേപ്പച്ചൻ ഒന്നാലോചിച്ച ശേഷം പറഞ്ഞു: "ഡോക്ടും എന്നെപ്പോലെ ക്രിസ്ത്യാനിയല്ലേ... ഡോക്ടർ പഠിച്ച് മിടുക്കിയാകാനാണ് പ്രവീൺ ഡോക്ടർക്ക് കൊടുക്കാതെ ഞാനീ കേസൊക്കെ പ്രെസി ഡോക്ടർക്ക് തരുന്നത്. അങ്ങനെയല്ലേ ഇപ്പോൾ ഫസ്റ്റ് പ്രൈസ് അടിച്ചത്?"

ദിവസവും ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്ന, ജന്മനാ ഹിന്ദുവായ ഞാൻ ഔസേപ്പച്ചന്റെ നമ്പർ കേട്ട് ഞെട്ടിയെങ്കിലും ഭാവഭേദങ്ങൾ പ്രകടിപ്പിക്കാതെ പറഞ്ഞു: "അതേ ഔസേപ്പേ... കർത്താവിനെ ഓർത്തെങ്കിലും എന്നെ കഷ്ടപ്പെടുത്തരുത്. ഒന്നുമില്ലെങ്കിലും നമ്മൾ ക്രിസ്ത്യാനികളല്ലേ... ആ സ്നേഹം എന്നും എന്നോട് കാണിക്കണം. പ്രവീണിന് ഈ കേസുകളൊക്കെ കാണാൻ നല്ല ഇൻട്രസ്റ്റ് ആണ്. ഇനി കേസ് കൊണ്ടുവരുമ്പോൾ അങ്ങോട്ടു കൊടുത്താൽ മതി. കഴിഞ്ഞ ദിവസം തന്നെ ഔസേപ്പച്ചൻ പാർഷ്യാലിറ്റി കാണിക്കുന്നു എന്ന് പ്രവീൺ പരാതി പറഞ്ഞിരുന്നു."

ഞാൻ പറഞ്ഞതിൽനിന്നും കേസ് എടുക്കുന്നതിന്റെ കിടപ്പുവശം ഔസേപ്പച്ചന് മനസ്സിലായി. "എന്നാൽപ്പിന്നെ കേസൊക്കെ പ്രവീൺ ഡോക്ടർക്ക് കൊടുക്കാം, അല്ലേ? ഞാൻ പിന്നെ, നിങ്ങൾ ഓൾ ഇന്ത്യ ലെവലിലും ഫസ്റ്റ് പ്രൈസ് അടിക്കട്ടെ എന്നോർത്താണ് കഷ്ടപ്പെട്ട് ഈ കേസൊക്കെ ഒപ്പിച്ചത്."

അങ്ങനെ ഔസേപ്പച്ചൻ പ്രവീണിനെ അന്വേഷിച്ച് PG റൂമിലേക്ക് പോയി. പ്രവീണിനെ വഞ്ചിച്ചതിലുള്ള ചെറിയൊരു കുറ്റബോധം എന്റെ മനസ്സിന്റെ അടിത്തട്ടിലേക്കും വീണു. അതിന്നും അവിടെ അവശേഷിക്കുന്നു.



Comments

Post a Comment

Search This Blog


Top posts from past

test

The Archive

Browse by label ശേഖരം

ആകസ്മികതയിൽ ഒന്നായ
ഒരു ചങ്ങാതിക്കൂട്ടത്തിന്റെ
ആത്മകഥ