← All posts

Calcutta Trip: 4 - Salt Lake City

Gerald November 12, 2025




മൂന്നു ദിവസം നീണ്ട തൻ്റെ യാത്രയുടെ അവസാന ഘട്ടത്തിലാണ് എറണാകുളം - ഹൗറ എക്സ്പ്രസ്. ഹൗറ സ്റ്റേഷൻ അടുക്കാറായതിനാൽ ഇഴഞ്ഞാണ് നീങ്ങുന്നത്. ലോക്കൽ കോച്ചിൽ ഇരുന്നും കിടന്നും മുഷിഞ്ഞ ചങ്കുകൾക്ക് വീണ്ടും ജീവൻ വച്ചു. രണ്ടു പേരും തങ്ങൾക്ക് അപരിചിതമായ നഗരകാഴ്ചകൾ കണ്ട് ഞെട്ടിയും അമ്പരന്നും 
 ജനാലയിലൂടെ പുറത്തേക്ക് തന്നെ നോക്കിയിരിക്കുന്നു. അതേസമയം സഹയാത്രികരായ തമിഴന്മാർ കേരളത്തിൽ നിന്ന് കളക്ട് ചെയ്ത ചക്കകൾ എണ്ണിപ്പെറുക്കി വയ്ക്കുന്ന തിരക്കിലാണ്. കൽക്കട്ടയിൽ അതു വിറ്റു കാശാക്കലാണ് അവരുടെ തൊഴിൽ.

വണ്ടർലാൻഡിൽ അകപ്പെട്ട ആലീസിൻ്റെ കണ്ണുകളുമായി ദൂരേക്ക് നോക്കിയിരുന്ന ചങ്കാണ് ആദ്യം ആ കാഴ്ച കണ്ടത്.

താഴെ, മണ്ണിൻ്റെ നിറമുള്ള ഹൂഗ്ലി നദി; അതിൻ്റെ ആയിരം കുഞ്ഞോളങ്ങൾക്ക് അന്തിസൂര്യൻ കനകകർണ്ണങ്ങൾ ചാർത്തിയിരിക്കുന്നു. മുകളിൽ, ആരോ നിറക്കൂട്ട് തട്ടിമറിച്ചപോലെ ചുവന്ന ചെമ്മാനം. ഇവ രണ്ടിനെയും പരസ്പരം കൈകോർപ്പിക്കും പോലെ, നടുക്കതാ നെടുനീളനെ ഹൗറാ ബ്രിഡ്ജ്!

“നിസാമേ നോക്കടാ! ഹൗ ബ്യൂട്ടിഫുൾ!”

“വൗ!” നിസാമിലെ കലാകാരനുണർന്നു. ബാഗിൽ നിന്ന് ക്യാമറ എടുത്ത് നിസാം ലെൻസ് ക്യാപ് ഊരി.

“നീ എന്ത് കാണിക്കാൻ പോകുവാ?” ചങ്ക് ചോദിച്ചു.

“ഞാൻ ക്യാമറ കൊണ്ട് പല്ല് തേക്കാൻ പോകുന്നു! അല്ലാ പിന്നെ!”

“ഞാനും വിചാരിച്ചു ഫിലിം ഇടാത്ത ക്യാമറ കൊണ്ട് നീ ഫോട്ടോ എടുക്കാൻ പോകുവാന്ന്. തേച്ചോളൂ, പല്ല് തേച്ചോളൂ.”

ചങ്കിൻ്റെ 'തേപ്പിൽ' ഗഡിക്ക് ഓർമ്മ കൈവന്നു. ലിക്സന്റെ വീട്ടിൽ നിന്നിറങ്ങിയപ്പോഴേക്കും നേരം വൈകിയിരുന്നു. ഫിലിം വാങ്ങിയത് ലോഡ് ചെയ്യാൻ സമയം കിട്ടിയിരുന്നില്ല. സീറ്റിൽ ഇരുന്ന് ശ്രദ്ധയോടെ ഫിലിം ലോഡ് ചെയ്ത് നിസാം എഴുന്നേറ്റു. “വാടാ, ഡോറിൻ്റെ അവിടെ നിന്ന് ഫോട്ടോ എടുക്കാം, നല്ല വ്യൂ കിട്ടും.”

ബാലൻസിനു വേണ്ടി രണ്ടു കാലും അകത്തി ബലത്തിൽ നിന്ന്, ഇരുമ്പ് വാതിലിൽ ശരീരം താങ്ങി, തൻ്റെ കൈകളും മനസ്സും സ്റ്റെബിലൈസ് ചെയ്ത്, കൽക്കട്ട നഗരത്തിൻ്റെ ഐക്കൺ ആയ ഹൗറാ ബ്രിഡ്ജിൻ്റെ മനോഹര ദൃശ്യം തന്മയത്വത്തോടെ പകർത്തുന്ന നിസാമിനെ നോക്കി ചങ്ക് അഭിമാനം കൊണ്ടു. “യാത്ര” എന്ന ചിത്രത്തിൽ ഇതുപോലൊരു സന്ധ്യാ നേരത്ത് ബാലു മഹേന്ദ്ര ശോഭനയെ പകർത്തിയ ഫ്രെയിം ചങ്ക് ഓർമ്മിച്ചു.

“എടാ നിസാമേ, ഒരെണ്ണം കൂടെ എടുക്ക്.”

ചങ്ക് പറഞ്ഞത് കേട്ടെങ്കിലും നിസാം പെട്ടെന്ന് അല്പം കൂടെ മുന്നിലേക്ക് കയറി, ഒരു സൈഡിലേക്ക് ശരീരം ചെരിച്ച്, ക്യാമറ ഡോറിൻ്റെ സൈഡിലൂടെ ട്രെയിൻ പോകുന്ന ദിശയിൽ മുന്നിലേക്ക് പിടിച്ച് ഒരു ഷോട്ട് കൂടെ എടുത്തു. എന്നിട്ട് ചങ്കിനെ നോക്കി പറഞ്ഞു: “അളിയാ, 
ഒരു ഫിലിം റോളിൽ 34 ഷോട്ടേ കിട്ടുകയുള്ളൂ. കറക്റ്റ് എടുക്കണം. വെറുതെ ഷോട്ട് എടുത്ത് വേസ്റ്റ് ചെയ്യാൻ പറ്റില്ല. നീ ദാ ഇവിടെ നിന്ന് മുന്നിലേക്ക് നോക്കിക്കേ. ഞാൻ രണ്ടാമതെടുത്ത വ്യൂ കാണാം.”

നിസാം ഒഴിഞ്ഞു കൊടുത്ത സ്ഥലത്തു നിന്ന് ചങ്ക് മുന്നിലേക്ക് നോക്കി. ഇതിനിടയിൽ ട്രെയിൻ ഹൗറ സ്റ്റേഷനിലേക്ക് കയറി തുടങ്ങിയിരുന്നു. കൊളോണിയൽ ശൈലിയിൽ വലിയ വോൾട്ട് ആർച്ചുകളോടെ പണിതിട്ടുള്ള ഒരു ബൃഹത് കെട്ടിടമാണ് ഹൗറ സ്റ്റേഷൻ. പതിനെട്ടോ ഇരുപതോ പ്ലാറ്റ്ഫോമുകൾ ഉണ്ട്. നാലോ അഞ്ചോ പ്ലാറ്റ്ഫോമുള്ള നമ്മുടെ തമ്പാനൂർ സ്റ്റേഷനൊന്നും ഒന്നുമല്ല. അലാവുദ്ദീൻ “ഓപ്പൺ സെസേം” എന്നു പറഞ്ഞപ്പോൾ വാ തുറന്ന ഭീമാകാരനായ ഗുഹപോലെയുള്ള സ്റ്റേഷൻ്റെ ആർച്ച്‌വേയിലേക്ക്, നേരം മങ്ങിയപ്പോൾ, മന്ദം മന്ദം വളഞ്ഞു തിരിഞ്ഞ് കൂടണയുന്ന ഒരു വ്യാളി കണക്കെ കയറുകയാണ് ട്രെയിൻ.

ഹൗറ - ‘The Gateway to Eastern India’ - ഒരു സറിയലിസ്റ്റ് പെയിന്റിംഗ് പോലെ തോന്നി ചങ്കിന് ആ സീൻ.

*****
സ്റ്റേഷനിൽ ഇറങ്ങിയ ചങ്കുകൾ അന്ധാളിച്ചു. അതുവരെയില്ലാത്ത ഒരു ഇരമ്പം, ഒരു ബഹളം, അവരെ പൊതിഞ്ഞു. അഭൂതപൂർവ്വമായ ജനസഞ്ചയം! തലങ്ങും വിലങ്ങും പായുന്ന മനുഷ്യർ, ഹൂഗ്ലിയിലെ കലക്കവെള്ളത്തിന് സമാനമായ ഒരു മനുഷ്യ നദി! 
ചുവന്ന കുപ്പായമിട്ട നൂറുകണക്കിന് പോർട്ടർമാർ യാത്രക്കാരെ പൊതിയാൻ വെമ്പൽ കൊള്ളുന്നു.

കരിയും, വിയർപ്പും, എണ്ണയിൽ കാച്ചിയ പൂരിയുടെ മണവും, മൂത്രപ്പുരകളുടെ രൂക്ഷഗന്ധവും കലർന്ന ഒരു കാറ്റ് അവരെ വന്നു തഴുകി. ഇതുപോലൊന്ന് ചങ്കുകൾ ഇതിന് മുൻപ് അനുഭവിച്ചിട്ടില്ല.

"ലാലേ... ഇത് സ്റ്റേഷനാണോ, അതോ ഒരു രാജ്യം മുഴുവനാണോ? ഇതാണോടാ നിൻ്റെ ‘സിറ്റി ഓഫ് ജോയി’?” ചങ്കിന്റെ തോളിൽ തട്ടി നിസാം ചോദിച്ചു.

ചങ്കിൻ്റെ കണ്ണുകളിൽ അമ്പരപ്പിനേക്കാൾ ഉപരി ഒരുതരം ആവേശമായിരുന്നു.

"നിസാമേ... ഇത് ഞാൻ വായിച്ചപ്പോൾ വിചാരിച്ചതു പോലെയല്ല. അതുക്കും മേലേ... കൽക്കട്ട... വേറെ ലെവൽ മച്ചാ!"

പെട്ടെന്ന് ഒരു ചുവന്ന കുപ്പായക്കാരൻ അവരുടെ അടുത്തേക്ക് വന്നു. "Babu, bojha ta kothaye niye jabo? കഹാം ജാനാ ഹേ?"

നിസാം പെട്ടെന്ന് ഹിന്ദിയിലേക്ക് മാറി, "നഹീ ഭയ്യാ... നഹീ ചാഹിയേ." പിന്നെ ചങ്കിനെ നോക്കി അടക്കം പറഞ്ഞു, "ലാലേ, കയ്യിലുള്ള ബാഗ് മുറുക്കെ പിടിച്ചോ. മധുവിന്റെ ചേച്ചിക്കുള്ളതാ. അത് പോയാൽ നമ്മുടെ ഫുഡ്ഡും അക്കോമഡേഷനും പോയെന്ന് വെച്ചാൽ മതി.”

ചങ്ക് ചിരിച്ചു. "എടാ, സൈനിക സ്കൂളിൽ പഠിച്ച നീ കൂടെയുള്ളപ്പോൾ എനിക്ക് എന്തിന് പേടി?"

നിസാം ചങ്കിനെ തുറിച്ചുനോക്കി. "സൈനിക സ്കൂളിൽ പഠിച്ചാലും, ഇവിടെ ഒരു കൂലിയുടെ തള്ള് കിട്ടിയാൽ നമ്മൾ തെറിച്ചുപോകും. കോമഡി അവിടെ നിക്കട്ടെ, ആദ്യം ഇതിനകത്തു നിന്ന് എങ്ങനെ പുറത്തെത്താം എന്നാലോചിക്ക്."

ചങ്കുകൾ തോളോടുരുമ്മി, ബാഗുകൾ മുറുക്കിപ്പിടിച്ച്, ആ മനുഷ്യപ്രവാഹത്തിലൂടെ നീന്തിത്തുടങ്ങി. ഒടുവിൽ, സ്റ്റേഷന്റെ കവാടം കടന്ന് അവർ പുറത്തെത്തി.

അവർ കണ്ട പുറംലോകം സ്റ്റേഷനേക്കാൾ ഭീകരം! നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്ത അവസ്ഥ. ചെങ്കൽ ചുവപ്പ് നിറമടിച്ചു നിൽക്കുന്ന സ്റ്റേഷനു മുന്നിൽ മഞ്ഞ പെയിന്റടിച്ച അംബാസഡർ ടാക്സികളുടെ ഒരു മഞ്ഞക്കടൽ! ചങ്കിന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.

"നിസാമേ, നോക്കെടാ... നമ്മൾ ശരിക്കും ഒരു സിനിമയിൽ എത്തിയ പോലെയുണ്ട്."

നിസാം ലിക്സന്റെ ക്യാമറയിൽ ആ മഞ്ഞ ടാക്സിക്കടലിന്റെ ഒരു ചിത്രം ചുവന്ന ഹൗറാ സ്റ്റേഷനെ വിതാനമാക്കിയെടുത്തു.

"ഒരു സത്യജിത് റായ് ഫ്രെയിം," നിസാം സ്വയം പറഞ്ഞു. പിന്നെ ചങ്കിനെ നോക്കി: "അളിയാ... ഇനി മധുവിന്റെ ചേച്ചിയെ കണ്ടുപിടിക്കണം.”

“അതിനു സോൾട്ട് ലേക്ക് സിറ്റിയിൽ പോണം. ബസ് പിടിക്കാം,” ചങ്ക് പറഞ്ഞു.

അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. വഴിവിളക്കുകൾ തെളിഞ്ഞു.

തൊട്ടടുത്തുള്ള ബസ് സ്റ്റാൻഡിലേക്ക് നടക്കുന്ന വഴി നിസാം ചങ്കിൻ്റെ രണ്ടു തോളിലും കൈവച്ച് മസാജ് ചെയ്ത് പറഞ്ഞു: “അളിയാ, അവിടെ എത്തിയിട്ടു വേണം നല്ലപോലെ ഫുഡ് അടിച്ച് കുളിച്ച് ഫ്രഷ് ആയി ഒന്ന് കിടന്നുറങ്ങാൻ.”

ഇതിനിടയിൽ മണിയടിച്ച് ഇഴഞ്ഞു നീങ്ങിയ ഒരു ട്രാം ചങ്കുകളുടെ വഴിമുടക്കി. ശകുനം നോക്കിയിരുന്നെങ്കിൽ ചങ്കുകളുടെ ശനി ശുക്രനിലും, ശുക്രൻ രാഹുവിലും ഇടിക്കുന്ന ആ അപൂർവ്വ നിമിഷം കാണാമായിരുന്നു. പക്ഷേ ശകുനം നോക്കാത്ത ചങ്കുകൾ സോൾട്ട് ലേക്ക് സിറ്റിയിലേക്കുള്ള AC12 ബസിൽ കയറി ഇരുന്നു.


(തുടരും)


Comments

Post a Comment

Search This Blog


Top posts from past

test

The Archive

Browse by label ശേഖരം

ആകസ്മികതയിൽ ഒന്നായ
ഒരു ചങ്ങാതിക്കൂട്ടത്തിന്റെ
ആത്മകഥ