← All posts

Ragging: Part 1 - Sulumol

Gerald November 08, 2025

 




സുഹൃത്തുക്കളേ ഫസ്റ്റ് ഇയറിൽ ഒരുപാട് റാഗിംഗ് കിട്ടിയിട്ടുള്ള ഞാൻ റാഗിംഗ് എന്ന വിഷയത്തെക്കുറിച്ച് ഒരു കഥയെഴുതുന്നത് വളരെ നന്നായിരിക്കുമല്ലോ. കഥയെന്നു പറയുമ്പോൾ കെട്ടുകഥയെന്നു വിചാരിക്കരുത്. മെഡിക്കൽ കോളേജിലെ എൻ്റെ ഹോസ്റ്റൽ ജീവിതത്തെ പിടിച്ചുകുലുക്കിയ, നടന്ന സംഭവമാണ്.

സംഭവം നടക്കുന്നത് നമ്മുടെ പഠനത്തിന്റെ നാലാം വർഷം. പുതിയ ജൂനിയർ ബാച്ച് വന്നിട്ടുണ്ട്. ഞാനങ്ങനെ അധികം റാഗ് ചെയ്യാനൊന്നും പോകാറില്ല. എന്നാൽ എന്റെ ഉറ്റ സുഹൃത്ത് പർവീൺ സുഹറ വഹാബ് അങ്ങനെയല്ല. ജൂനിയേഴ്സിന്റെ ഇടയിൽ പർവീൺ ഒരു 'ടെറർ' ആയിരുന്നു.

പർവീണിന് ഒരു കമ്പനിക്ക് വേണ്ടി ഞാൻ വെറുതെ കൂടെ പോകും. ചില ജൂനിയേഴ്സിന്റെ ജാഡ കാണുമ്പോൾ നമുക്കും റാഗ് ചെയ്യാൻ തോന്നും. പക്ഷേ, ഞാൻ സംയമനം പാലിച്ചു.

അങ്ങനെ ഓർത്തോ പോസ്റ്റിംഗ് എത്തി. O III യൂണിറ്റിൽ. യൂണിറ്റ് ചീഫ് നമ്മുടെ ജോയിസിന്റെ അപരനായാണ് അറിയപ്പെട്ടിരുന്നത്. ജോയിസിനോട് ചേർന്ന സൽസ്വഭാവിയുമായിരുന്നു പുള്ളി. ഞങ്ങൾ പെണ്ണുങ്ങൾ നടുവേദനയുമായി ചെന്നാൽ സാറിന് സ്ഥിരമൊരു ഡയലോഗേ ഉണ്ടായിരുന്നുള്ളൂ: “നിങ്ങൾ ആദ്യം ആ ഹീൽസിൽ നിന്നിറങ്ങി കുനിഞ്ഞുനിന്ന് താഴെയുള്ളത് എടുക്ക്. പിന്നെ ബാക്ക്പെയിൻ ചികിത്സിക്കാം." പൊക്കം കുറഞ്ഞ സാറിന് ഞങ്ങളുടെ പൊക്കം കുറയ്ക്കുക എന്നതായിരുന്നു വിനോദം. സാറിന് മറ്റൊരു പതിവു കൂടിയുണ്ട്. ഓരോ ആഴ്ചയും ഒരു ടോപ്പിക്ക് സെമിനാർ സാറിന് നിർബന്ധമാണ്. ടോപ്പിക്ക് യൂണിറ്റിലെ എല്ലാവരും ഡിവൈഡ് ചെയ്ത് എടുക്കും. ഓരോരുത്തർക്കും ഓരോ ഷോർട്ട് പാർട്ട്. പോസ്റ്റിംഗ് പുരോഗമിച്ചപ്പോൾ ടോപ്പിക്ക് പ്രസന്റേഷൻ എഴുതിയും വരച്ചും ഞങ്ങൾ മടുത്തു.

അപ്പോഴാണ് പ്രെറ്റിക്ക് ഒരു ആശയം തോന്നിയത്. പ്രെറ്റി എന്നോടും പർവീണിനോടും പറഞ്ഞു, "എടാ, ഫസ്റ്റ് ഇയറിലെ ജൂനിയേഴ്സ് ഉള്ളപ്പോൾ നമ്മൾ എന്തിന് കഷ്ടപ്പെട്ട് ചാർട്ട് ഉണ്ടാക്കണം? ടോപ്പിക്ക് ഭാഗം വച്ച് അവരെ ഏൽപ്പിച്ചാൽ പോരേ. നല്ല ചാർട്ടൊക്കെ അവരുണ്ടാക്കട്ടെ."

ഞാനതു കേട്ട് ഞെട്ടി: "അയ്യോ പ്രെറ്റി, അത് തെറ്റല്ലേ? നമുക്ക് പഠിക്കാൻ വേണ്ടി തന്ന സെമിനാർ ജൂനിയേഴ്സ് ചെയ്താൽ ശരിയാകുമോ? ഇത് കുറച്ചല്ലേ ഉള്ളൂ, നമുക്ക് തന്നെ ചെയ്യാം.”

ഞാൻ പറഞ്ഞത് കേട്ട് പർവീണിന് ചിരിവന്നു: "ഒന്നു പോ മണ്ണൂ. ഫസ്റ്റ് ഇയറിൽ നമ്മൾ എത്ര ചാർട്ടും നോട്ട്സും ഇതുപോലെ സീനിയേഴ്സിന് എഴുതിക്കൊടുത്തിരിക്കുന്നു! ഇത് LH-ലെ ഒരു ആചാരമായി കണക്കാക്കിയാൽ മതി. നീ വാ പ്രെറ്റീ.. പ്രെസി അവളുടെ ടോപ്പിക്ക് തന്നെ വരയ്ക്കട്ടെ. നമുക്ക് ജൂനിയേഴ്സിനെ കൊണ്ട് വരപ്പിക്കാം."

പ്രെറ്റിയും പർവീണും എന്നെ ഉപേക്ഷിച്ചു പോകാൻ തുടങ്ങിയത് എനിക്ക് വേദനയുണ്ടാക്കി. ഞാൻ പറഞ്ഞു: "എന്നാൽ ഞാനും വരാം. ഇനി ഞാൻ മാത്രമായിട്ട് എന്തിന് കുറയ്ക്കണം."

"പ്രവീണിന്റെയും നിസാമിന്റെയും ചാർട്ട് കൂടെ നമുക്ക് ഇവരെക്കൊണ്ടു വരപ്പിക്കാം. മണ്ണൂ, നീ ഒരു കാര്യം ചെയ്യ്, അവരോട് വേണ്ട സാധനങ്ങളുമായി LH-ൽ വരാൻ പറ."

അങ്ങനെ പർവീൺ പറഞ്ഞതനുസരിച്ച് ഞാൻ പ്രവീണിനെ വിളിച്ചു. തോട്ടത്തിൽ നിന്നും ചാർട്ട് പേപ്പർ വാങ്ങി വരാൻ പറഞ്ഞു. ഫോൺ വെക്കുന്നതിനു മുൻപേ പ്രവീൺ എത്തി.

അങ്ങനെ ഞങ്ങൾ മൂന്ന് പേരും ചാർട്ട് പേപ്പറും സ്കെച്ച് പെൻസും മാർക്കറുമായി LH-ലെ ഡോർമിറ്ററി വിംഗിലേക്ക് ജൂനിയേഴ്സിനെ അന്വേഷിച്ചു ചെന്നു.

പ്രെറ്റി ആദ്യത്തെ റൂമിലും പർവീൺ രണ്ടാമത്തെ റൂമിലും ഞാൻ മൂന്നാമത്തെ റൂമിലും കയറി. ചാർട്ട് വരയ്ക്കേണ്ടത് എങ്ങനെയെന്ന് ജൂനിയർ അനുപ്രിയയോട് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് പ്രെറ്റിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് ഞാൻ ഞെട്ടി.

(തുടരും).



Comments

Post a Comment

Search This Blog


Top posts from past

test

The Archive

Browse by label ശേഖരം

ആകസ്മികതയിൽ ഒന്നായ
ഒരു ചങ്ങാതിക്കൂട്ടത്തിന്റെ
ആത്മകഥ