← All posts

അശ്വതിയുടെ തിരഞ്ഞെടുത്ത കവിതകൾ: ആമുഖം - Gerald

Gerald December 04, 2025 കവിത

 



പണ്ടെന്നോ എഴുതി നിർത്തിയ അശ്വതി, വീണ്ടും എഴുത്തിലേക്ക് മടങ്ങിയെത്തുന്നത് സുവനിയർ ചിട്ടപ്പെടുത്തുന്ന സമയത്താണ്. അശ്വതിയുടെ സൃഷ്ടി ആദ്യം കണ്ടപ്പോൾ, പണ്ടു പഠിച്ച കവിതാരൂപത്തിലേക്ക് ഒരു ചെറിയ മോഡിഫിക്കേഷൻ വരുത്താൻ ഞാൻ ശ്രമിച്ചു. അപ്പോൾ എന്നെ തടഞ്ഞ് അശ്വതി പറഞ്ഞത്, "ജെറാൾഡ്, ഇത് മഹാകവികളുടെ കവിതയല്ല, എൻ്റെ ചെറിയൊരു ഉദ്യമമാണ്. ഇതിനെ ‘പദ്യഗദ്യം’ എന്നുവേണമെങ്കിൽ വിളിച്ചോളൂ, പക്ഷേ മോഡിഫിക്കേഷൻ വേണ്ട," എന്നാണ്.

അങ്ങനെ 'പദ്യഗദ്യമെന്ന' രീതിയിൽ ഞാനത് വീണ്ടും വായിച്ചു. പിന്നെ പല പ്രാവശ്യം വായിച്ചു. ഓരോ പ്രാവിശ്യം വായിക്കുമ്പോഴും ഒന്നുകൂടെ വായിക്കാം എന്നൊരു തോന്നൽ. അത് എൻ്റെ മാത്രം തോന്നലാണോ എന്ന സംശയം ദൂരീകരിക്കാൻ ഞാൻ എഡിറ്റോറിയൽ ഗ്രൂപ്പിലുള്ള മറ്റുള്ളവരെ വിളിച്ചു. അപ്പോൾ എല്ലാവരും അടുത്ത പദ്യഗദ്യം കിട്ടാൻ കാത്തിരിക്കുകയാണ്!

അങ്ങനെ അശ്വതിയുടെ പദ്യഗദ്യങ്ങൾക്കു സ്ഥലമൊരുക്കാൻ സുവനിയറിലെ ഭാഗങ്ങൾ മാറ്റിയെഴുതാൻ തുടങ്ങി. എഴുതിയെഴുതി സുവനിയർ തടിച്ചു വീർക്കാൻ തുടങ്ങിയപ്പോൾ ഞാൻ അശ്വതിയെ വിളിച്ചു പറഞ്ഞു: "അശ്വതി ഇനിയും പദ്യഗദ്യം എഴുതിയാൽ ഞാനിനിയും സുവനിയർ ഭാഗങ്ങൾ മാറ്റിയെഴുതും. കാരണം അശ്വതി എഴുതുന്നതൊന്നും ഒഴിവാക്കാൻ പറ്റില്ല."

അങ്ങനെ പദ്യഗദ്യങ്ങളുടെ വരവ് താത്കാലികമായി നിന്നു. ഗെറ്റുഗതറിനു ശേഷം അശ്വതി വീണ്ടും എഴുതി. ഞാൻ പഴയതുപോലെ സുവനിയർ രീതിയിൽ ഒരു കഥയുടെ ഫ്രെയിം ഉണ്ടാക്കി പദ്യഗദ്യം അതിൽ നിക്ഷേപിച്ചു. 'ദി ഡേ' (The Day) ബ്ലോഗ് പോസ്റ്റ് അങ്ങനെയാണ് ഉണ്ടായത്.

പക്ഷേ, ഒരു സുവനിയറിൻ്റെയോ ഒരു കഥയുടെയൊ ചട്ടക്കൂടിനുള്ളിൽ നിൽക്കേണ്ടതല്ല അശ്വതിയുടെ പദ്യഗദ്യം എന്നൊരു തോന്നൽ, ഒരു വിങ്ങലായി അപ്പോഴും മനസ്സിലുണ്ടായിരുന്നു. 'അശ്വതിയുടെ തിരഞ്ഞെടുത്ത കവിതകൾ' എന്ന ഈ സീരീസ്, അശ്വതിയെ കൂട്ടിലടക്കേണ്ടി വന്നതിൻ്റെ പരിഹാരക്രിയയാണ്. അശ്വതിയുടെ പദ്യഗദ്യങ്ങൾ ചിറകു വിരിച്ച് സ്വതന്ത്രമായി പറക്കട്ടെ, ആസ്വാദക ഹൃദയങ്ങളിലേക്ക്.

അപ്പോൾ എന്തുകൊണ്ട് തലക്കെട്ട് 'കവിത' എന്നാക്കി? കാരണം അശ്വതിയുടെ പദ്യഗദ്യം എനിക്ക് അതുല്യമായ കവിതയാണ്. അത് സുഗതകുമാരിയുടെ രാത്രിമഴയാണ്.

"അറിയുന്നതെന്തു കൊണ്ടെന്നോ സഖീ, ഞാനുമിതുപോലെ രാത്രിമഴ പോലെ…"

ഈ കവിതാ സമാഹാരത്തെ രണ്ട് ഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. അതിൽ ആദ്യഭാഗത്ത് മൂന്ന് പദ്യഗദ്യങ്ങളുടെ ഒരു ഗണമാണ്: പ്രണയം, പഥേയം, പ്രാണൻ.

സുവനിയറിലേക്ക് അശ്വതി പദ്യഗദ്യങ്ങൾ എഴുതിയത് പലപ്പോഴായാണ്; പലരും നിർബന്ധിച്ചിട്ടും, വെവ്വേറെ സന്ദർഭങ്ങൾക്കു വേണ്ടിയുമായിരുന്നു അത്. എന്നാൽ അവയുടെ ആത്മാവിൽ ഒരു പാരസ്പര്യമുണ്ട്. അശ്വതിയിൽ അവയെല്ലാം ഒന്നു ചേർന്നിരിക്കുന്നു.

(രണ്ടാമത്തെ ഭാഗം നാളെ...)






Comments

Post a Comment

Search This Blog


Top posts from past

test

The Archive

Browse by label ശേഖരം

ആകസ്മികതയിൽ ഒന്നായ
ഒരു ചങ്ങാതിക്കൂട്ടത്തിന്റെ
ആത്മകഥ