← All posts

Ragging Again: - Sulumol

Gerald December 06, 2025 story


മെഡിക്കൽ കോളേജിലെ എൻ്റെ ആദ്യത്തെ മുറി ന്യൂ ബ്ലോക്കിലെ 12-B. 97-ലെ ബാച്ചിലെ റോഷ്‌നി ട്രീസ ജോർജ് ആയിരുന്നു എൻ്റെ റൂം മേറ്റ്. എന്നെ ‘മോളേ’ എന്നു മാത്രം വിളിച്ചിരുന്ന ചേച്ചി വളരെ സ്നേഹത്തോടെ പെരുമാറി. സ്കൂൾ ലൈഫിൽ നിന്നും നേരെ മെഡിക്കൽ കോളേജിലേക്ക് വന്നതിനാൽ ഹോംസിക്ക്നെസ്സും ഡിപ്രഷനും ഞാൻ നല്ല രീതിയിൽ അനുഭവിച്ചു. റോഷ്‌നി ചേച്ചിയുള്ളതു എന്നെ സമാധാനിപ്പിച്ചു.

അപ്പോഴാണ് റൂം നമ്പർ 14-ലേക്ക് ചെല്ലാൻ വിളി വന്നത്. 12-B കഴിഞ്ഞാൽ റൂം നമ്പർ 14 ആണ്. കാരണം, LH-ൽ 13-ാം മുറി ഇല്ല. 13 പണ്ടേ പ്രശ്നക്കാരനും അപശകുനവുമാണല്ലോ, അതിനാൽ 13-നു പകരം ഉള്ളതാണ് 12-B.

വിളി കേട്ട് ഞാൻ റൂം നമ്പർ 14-ലേക്ക് ചെന്നു. 98 ബാച്ചിലെ ചേച്ചിമാരായിരുന്നു ആ റൂമിൽ. അവർ എന്നോട് പല ചോദ്യങ്ങളും ചോദിച്ചു. മറുപടിയിൽ ഇംഗ്ലീഷ് ഉപയോഗിച്ചതിന് എന്നെ കുറേ വഴക്കും പറഞ്ഞു. അപ്പോഴാണ് 98 ബാച്ചിലെ മറ്റൊരു സീനിയർ ഓടി വന്ന് ആ വിവരം പറയുന്നത്; “നമ്മുടെ അരുൺ ഫിലിപ്പിന്റെ സിസ്റ്റർ ഉണ്ട് പുതിയ ബാച്ചിൽ”. ബാച്ചിലെ താരമായ അരുൺ ഫിലിപ്പിന്റെ സിസ്റ്ററെക്കാണാൻ ആവേശം മൂത്ത സീനിയേഴ്‌സ് അനു ഫിലിപ്പിനോട് ഉടൻ ഹാജരാകാൻ ഉത്തരവിട്ടു.

ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ ദേ വരുന്നു ആ കുട്ടി. എന്നെക്കാൾ വലിയ ഇംഗ്ലീഷുകാരി!

റാഗിങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഞാൻ അനുവിനെ പരിചയപ്പെട്ടു. പക്ഷേ അപ്പോഴേക്കും അടുത്ത വിളി വന്നു, റൂം നമ്പർ 20-ലേക്ക്. റൂം നമ്പർ 20-യിൽ ചെന്നപ്പോൾ അവിടെ റോഷ്‌നി ചേച്ചിയും കൂട്ടുകാരി സരിതയും ഉണ്ടായിരുന്നു. പർവീൺ എനിക്കു മുൻപേ അവിടെ എത്തിയിട്ടുണ്ട്. സരിത ചേച്ചി കുറേ റാഗ് ചെയ്ത് മാനസ്സികമായി തളർത്തിയ ശേഷം, റോഷിനി ചേച്ചിയെ ചൂണ്ടി എന്നോട് പറഞ്ഞു, “തൻ്റെ ഈ സീനിയറിന് ഒരു പേരിടടോ”.

ചേച്ചിയുടെ സൗന്ദര്യവും എന്നോട് കാണിച്ച സ്നേഹവും, ഒപ്പം എൻ്റെ ബുദ്ധിയും ഉപയോഗിച്ച് ഞാൻ ഒരു പേരു പറഞ്ഞു: “Fairy”.

ഫെയറി എന്നു കേട്ടതും സരിത ചേച്ചി എന്നെ കുറേ വഴക്കു പറഞ്ഞു. "റോഷ്‌നിക്ക് കൊമ്പുണ്ടോ ചിറകുണ്ടോ" എന്നൊക്കെ ചോദിച്ച് കളിയാക്കി. ഉചിതമായ പേരിടണം എന്ന താക്കീതോടെ സരിത ചേച്ചി അടുത്ത സീനിയറിനു നേരേ ചൂണ്ടി. വെളുത്തു തടിച്ച പൊക്കം കുറഞ്ഞ ഒരു ചേച്ചിക്കായിരുന്നു പേരിടേണ്ടത്. ഞാൻ നല്ല പോലെ ആലോചിച്ച് “Pumpkin” എന്നു പറഞ്ഞു.

പറഞ്ഞതു മാത്രമേ എനിക്കു ഓർമ്മയുള്ളു. കയ്യും കണക്കുമില്ലാതെ എന്തൊക്കെ ചീത്തയാണ് അവർ എന്നെ വിളിച്ചതെന്ന് എനിക്കറിയില്ല. ഞാൻ കരയാൻ തുടങ്ങി. പേരിടാൻ പർവീണിൻ്റെ ഊഴമായി. ‘ഐശ്വര്യ റായ്’, ‘മനീഷ കൊയ്‌രാള’, ‘കജോൾ’... പർവീണിന് ചിന്തിക്കേണ്ട ആവശ്യം പോലും വന്നില്ല.

പർവീൺ പറഞ്ഞത് കേട്ടതും സരിത ചേച്ചി എന്നെ നോക്കി പറഞ്ഞു: “കേട്ട് പഠിക്കെടോ, ഇങ്ങനെയാണ് പേരിടേണ്ടത്. അല്ലാതെ തൻ്റെ വീട്ടുകാരുടെ പേരുകൾ അല്ല ഇവിടെ പറയേണ്ടത്. ഇതിന്റെ പണിഷ്മെന്റായി താൻ ഈ സ്കെയിൽ വെച്ച് ഈ ബ്ലോക്കിന്റെ ഫുൾ ലെങ്ത് ഒരു 50 വട്ടം മെഷർ ചെയ്യ്.”

അങ്ങനെ ആ രാത്രി ഏതാണ്ട് 1 മണി വരെ ഞാൻ LH ന്യൂ ബ്ലോക്കിലെ വരാന്ത മെഷർ ചെയ്തു. എൻ്റെ ഹോംസിക്ക്നെസ്സ് ഇരട്ടിയായി.



Comments

Post a Comment

Search This Blog


Top posts from past

test

The Archive

Browse by label ശേഖരം

ആകസ്മികതയിൽ ഒന്നായ
ഒരു ചങ്ങാതിക്കൂട്ടത്തിന്റെ
ആത്മകഥ