← All posts

നിഷ്കു 3 : The Evolving Agnostic - Prasy

Gerald September 05, 2026 story


നിഷ്ക്കുവിന് ഇപ്പോൾ പത്തു വയസ്സായി. എങ്കിലും അവന്റെ ആ പഴയ നിഷ്കളങ്കതയൊന്നും ഒട്ടും വിട്ടുമാറിയിട്ടില്ല. പക്ഷേ, അവന്റെ ചിന്താഗതികളിൽ ഇടയ്ക്കൊക്കെ കുറച്ചു യുക്തിചിന്തകൾ കടന്നുകൂടാറുണ്ട്. എന്റെ മോനിൽ എവിടെയോ ഒരു അഗ്നോസ്റ്റിക് പതുക്കെ വളർന്നു വരുന്നുണ്ടോ എന്ന് അവന്റെ ചില ഭാവങ്ങളും ചോദ്യങ്ങളും കാണുമ്പോൾ ഞാൻ വല്ലാതെ ആശങ്കപ്പെടാറുണ്ട്! ഉള്ളിലെ ആ അഗ്നോസ്റ്റിക്കിന്റെ വളർച്ചയെ മുളയിലേ നുള്ളാൻ വേണ്ടി ഞാൻ അവനെ കൂടെക്കൂടെ അമ്പലങ്ങളിൽ കൊണ്ടുപോവുകയും, ആത്മീയ കാര്യങ്ങളും തത്ത്വോപദേശങ്ങളും ഒക്കെ വിശദമായി പറഞ്ഞു കൊടുക്കാറുമുണ്ട്.

അങ്ങനെയിരിക്കെ ഒരു ദിവസം നിഷ്ക്കു എന്നോട് ശിവഭഗവാനെക്കുറിച്ച് ഒരു സംശയം ചോദിച്ചു. എന്റെ വീട്ടിൽ ശിവഭഗവാന്റെ മനോഹരമായൊരു ചിത്രമുണ്ട്—ശിവനും പാർവ്വതീദേവിയും ഗണപതിയും സുബ്രഹ്മണ്യനും ഒക്കെയടങ്ങുന്ന ദിവ്യമായൊരു ശിവകുടുംബ ചിത്രം. ഞാൻ ശിവഭഗവാന്റെ കുടുംബത്തെക്കുറിച്ച് നിഷ്ക്കുവിന് കാര്യമായിത്തന്നെ വിവരിച്ചു കൊടുത്തു. ഭഗവാന് രണ്ട് മക്കളാണുള്ളതെന്നും, ഓരോരുത്തരുടെയും വിശേഷങ്ങൾ എന്തൊക്കെയാണെന്നുമൊക്കെ വളരെ വിശദമായിത്തന്നെ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. ഇവർക്കു പുറമെ ശിവഭഗവാന് അത്യധികം ശക്തിമാനായ മറ്റൊരു പുത്രൻ കൂടിയുണ്ടെന്നും, അതാണ് സാക്ഷാൽ ശബരിമല അയ്യപ്പസ്വാമിയെന്നും ഞാൻ കൂട്ടിച്ചേർത്തു.

നിഷ്ക്കുവിന് ഗുരുവായൂരപ്പനെയല്ലാതെ മറ്റു ദൈവങ്ങളെക്കുറിച്ചൊന്നും വലിയ വിവരമില്ല. മഹാവിഷ്ണുവിന്റെ ഏത് അവതാരം കണ്ടാലും നിഷ്ക്കുവിന് അതെല്ലാം ഒരൊറ്റ ദൈവമാണ്—ഗുരുവായൂരപ്പൻ! അവൻ വലിയൊരു ഗുരുവായൂരപ്പഭക്തനുമാണ്. അയ്യപ്പസ്വാമിയെക്കുറിച്ച് നിഷ്ക്കുവിന് കൂടുതൽ എളുപ്പത്തിൽ മനസ്സിലാകാൻ വേണ്ടി ഞാൻ പറഞ്ഞുതുടങ്ങി:

 “Ayyappan is very powerful. Do you know why? അയ്യപ്പൻ ശിവന്റെയും ഗുരുവായൂരപ്പന്റെയും മോനാണ്. അതുകൊണ്ടാണ് അയ്യപ്പൻ ഇത്രയും powerful.”

പെട്ടെന്നാണ് എന്റെ കർണ്ണപടലങ്ങളെ ഭേദിച്ച് നിഷ്ക്കുവിന്റെ ആ ചോദ്യം ഇടിത്തീ പോലെ വന്നു വീണത്:

“അമ്മേ, അപ്പോൾ Guruvayoorappan Gay ആണോ?”

എന്റെ കൃഷ്ണാ!!! ഭഗവാന്റെ പരമഭക്തയായ എന്നോടുതന്നെയോ ഈ വാനരൻ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത്! ദൈവമേ, ഈ ചോദ്യം വെറുതേ കേട്ടതുകൊണ്ടുതന്നെ ഞാൻ കൊടുംപാപിയായി മാറിയല്ലോ! വിറയലോടെ ഞാൻ നിഷ്ക്കുവിന്റെ മുഖത്തേക്ക് നോക്കി. മുഖത്ത് യാതൊരു ഭാവഭേദവുമില്ല, കണ്ണുകളിൽ തനി നിഷ്കളങ്കത മാത്രം! പാലാഴിമഥനത്തെക്കുറിച്ചും മോഹിനീ അവതാരത്തെക്കുറിച്ചുമൊക്കെ വഴിയേ വിശദമായിത്തന്നെ പറഞ്ഞുതരാമെന്ന് ഞാൻ കഷ്ടപ്പെട്ട് സമാധാനിച്ചു പറഞ്ഞു. മാത്രമല്ല, മേലിൽ ഗുരുവായൂരപ്പനെക്കുറിച്ച് ഇത്തരം വങ്കത്തങ്ങൾ പറയരുതെന്ന് അവനെ കർശനമായി വിലക്കുകയും ചെയ്തു. നിഷ്ക്കു തന്റെ സ്വതസിദ്ധമായ നിഷ്കളങ്കതയോടെ തലയാട്ടി സമ്മതിച്ചു.

ദിവസവും രാത്രി കിടക്കുമ്പോൾ ഉറങ്ങാൻ നേരമുള്ള എന്തെങ്കിലും കഥകളോ ചെറിയ കുറിപ്പുകളോ ഒക്കെ വായിച്ചു കേൾക്കാൻ നിഷ്ക്കു ആവശ്യപ്പെടാറുണ്ട്. അങ്ങനെയിരിക്കെ 'ബുക്ക് ഓഫ് മിസ്റ്ററീസ്' (Book of Mysteries) എടുത്തപ്പോൾ, അതിൽ 'ദ ലാസ്റ്റ് സപ്പർ' (The Last Supper) എന്ന വിഖ്യാത പെയിന്റിംഗിനെക്കുറിച്ചുള്ള ഒരു വിവരണം കാണാനിടയായി. ഞാൻ ചോദിച്ചപ്പോൾ ആ ചിത്രം പപ്പയുടെ തറവാട്ടു വീട്ടിൽ കണ്ടിട്ടുണ്ടെന്ന് നിഷ്ക്കുവും ഓർത്തെടുത്തു. ഞാൻ പുസ്തകത്തിലെ ആ വിവരണം അവന് വായിച്ചു കേൾപ്പിച്ചു:

“In this picture you can see the 12 apostles of Jesus. These 12 apostles were the true followers of Jesus.”

അപ്പോഴാണ് ഉറക്കംതൂങ്ങി കിടന്ന നിഷ്ക്കുവിന്റെ വക അടുത്ത ചോദ്യം:

“Insta-യിലോ അതോ FB-യിലോ?”

ഞാൻ കാര്യം മനസ്സിലാകാതെ അമ്പരപ്പോടെ ചോദിച്ചു: “എന്തുവാ?”

“Jesus-ന്റെ Insta-യിലെ followers ആണോ ഈ 12 പേർ, അതോ FB-യിലോ?"

ഞാൻ വീണ്ടും ഞെട്ടിത്തരിച്ച് നിഷ്ക്കുവിന്റെ മുഖത്തേക്ക് നോക്കി! അവൻ തള്ളവിരലും വായിലിട്ട് കട്ടിലിൽ കിടന്ന്, യാതൊരു കുസൃതിയുമില്ലാതെ എന്റെ മറുപടിക്കായി പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്! ഇനി വിശദീകരിക്കാൻ നിന്നാൽ എന്റെ ബോധം പോകുമെന്ന് മനസ്സിലായപ്പോൾ ഞാൻ പതിയെ പറഞ്ഞു: “വാവ കിടന്നുറങ്ങിക്കോ... അമ്മ ലൈറ്റണയ്ക്കാം.”

ഒരാഴ്ച കഴിഞ്ഞൊരു സായാഹ്നം. ഞാൻ പൂജാമുറിയിൽ സന്ധ്യാവിളക്കു തെളിയിച്ച് മനമുരുകി പ്രാർത്ഥിക്കുകയായിരുന്നു. നിഷ്ക്കു അപ്പുറത്തെ മുറിയിലിരുന്ന് ഫോണിൽ ഗെയിം കളിക്കുകയാണ്. അവനിലെ വളർന്നുവരുന്ന ആ അഗ്നോസ്റ്റിക്കിനെ ഒതുക്കാനും ദൈവവിശ്വാസത്തിലേക്ക് അടുപ്പിക്കാനും വേണ്ടി ഞാൻ സ്നേഹത്തോടെ വിളിച്ചു: “മോനേ, ഗുരുവായൂരപ്പൻ വിളിക്കുന്നു... മോൻ ഇവിടെ വന്നു പ്രാർത്ഥിച്ചിട്ട് പോയി കളിക്ക്.”

നിഷ്ക്കു ഓടിവന്ന്, ആർക്കോ വേണ്ടി എന്ന മട്ടിൽ കണ്ണുകളടച്ച് ധൃതിപിടിച്ച് “ഓം നമോ നാരായണായ” എന്നു രണ്ടുതവണ ചൊല്ലി തിരിഞ്ഞോടാൻ ഭാവിച്ചു. അവനെ എങ്ങനെയും അവിടെ പിടിച്ചുനിർത്താൻ കരുതി ഞാൻ പൂജാമുറിയിലെ ചിത്രങ്ങളിലൊന്നു കാണിച്ച് പറഞ്ഞു: “മോനേ, ഈ ചിത്രം കണ്ടോ? ഇതാണ് തിരുപ്പതി ബാലാജി, the richest god in the world.”

പണവും ഐശ്വര്യവുമൊക്കെ കേട്ടാൽ നിഷ്ക്കുവിന്റെ കണ്ണുവിരിയും; അതൊക്കെ അവന്റെ പ്രധാന വീക്ക്‌നെസ്സുകളാണ്! ഓടിപ്പോകാൻ നിന്നവൻ പെട്ടെന്നു തിരിഞ്ഞുനിന്ന് ബാലാജിയുടെ ഫോട്ടോയിലേക്ക് കൗതുകത്തോടെ സൂക്ഷിച്ചുനോക്കി. മീൻ കൊത്തിയെന്നു മനസ്സിലായ ഞാൻ ഭക്തിഭാവത്തിൽ വിവരിച്ചു: “നോക്കൂ മോനേ, ബാലാജിയുടെ കൂടെ ഇരിക്കുന്നത് ആരാണെന്ന് കണ്ടോ? സ്വർണ്ണനാണയങ്ങൾ നിറഞ്ഞ പാത്രവുമായി നിൽക്കുന്ന ലക്ഷ്മീദേവിയാണ്! ബാലാജിയെ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നവരൊക്കെ വലിയ പണക്കാരാകും, കാരണം ഭഗവാന്റെ കൂടെ സാക്ഷാൽ ലക്ഷ്മീദേവിയുണ്ട്!”

അപ്പോഴാണ് നിഷ്ക്കുവിന്റെ ആ ഹൃദയഭേദകമായ വിലാപം:

“Oh no! Lakshmi Devi Guruvayoorappan-നെ cheat ചെയ്തു Balaji-യുടെ കൂടെ പോയോ? Balaji rich ആയതുകൊണ്ടാണോ Lakshmi Devi Balaji-യുടെ കൂടെ പോയത്? This is not fair!”

ബാലാജിയും ഗുരുവായൂരപ്പനുമെല്ലാം സാക്ഷാൽ മഹാവിഷ്ണുവിന്റെ വിവിധ ഭാവങ്ങൾ മാത്രമാണെന്ന് അറിയാത്ത പത്തുവയസ്സുകാരനോട് ഞാനിനി എന്തു സമാധാനം പറയാൻ!

ഇവനെ പ്രാർത്ഥിക്കാൻ വിളിച്ച എന്റെ ബുദ്ധിയെ സ്വയം കുറ്റപ്പെടുത്തിയാൽ മതിയല്ലോ! തലയിൽ കൈവെച്ച് ഞാൻ അവനോടു പറഞ്ഞു: “മോൻ പോയി കളിച്ചോളൂ... ഇനി ഇവിടെ നിന്ന് കൂടുതൽ പ്രാർത്ഥിക്കുകയേ വേണ്ട! സംശയങ്ങളൊക്കെ അമ്മ പിന്നെ തീർത്തു തരാം!”

മനസ്സിൽ ലക്ഷ്മീദേവിയോടും നാരായണനോടും നൂറുവട്ടം മാപ്പുചോദിച്ച്, എന്റെ മകന്റെ നിഷ്കളങ്കമായ തെറ്റുകൾക്ക് മാപ്പുനൽകണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ആ ദിവസത്തെ പൂജ പെട്ടെന്നുതന്നെ അവസാനിപ്പിച്ചു!

നിഷ്ക്കുവിന്റെ നിഷ്കളങ്കമായ യുക്തിചിന്തകളും സംശയങ്ങളും തുടർന്നു കൊണ്ടേയിരിക്കുന്നു...



Comments

Anonymous
Kooduthal nishku kadhakal porattae

Post a Comment

Search This Blog


Top posts from past

test

The Archive

Browse by label ശേഖരം

ആകസ്മികതയിൽ ഒന്നായ
ഒരു ചങ്ങാതിക്കൂട്ടത്തിന്റെ
ആത്മകഥ