← All posts

നട്ടി കുട്ടി! - ഇർഷാദ്

Gerald November 11, 2025

 


കഴിഞ്ഞ ദിവസം ഒരു കൊച്ചുകുട്ടി സഹലയുടെ ഒ.പി.യിൽ വന്നു. കുട്ടിയുടെ അമ്മയ്ക്ക് സ്വീഡനിലാണ് ജോലി. കുട്ടിക്കും അപ്പനും കൂടെ അങ്ങോട്ട് പോകണം. ഇവിടുത്തെ കൂടും കുടുക്കയും വിറ്റ് കുടുംബമായി അങ്ങോട്ട് മൈഗ്രേഷൻ, അതാണ് സംഭവം. സ്വർണ്ണമുള്ളതൊക്കെ വിറ്റ് സ്വീഡനിലേക്ക് ടിക്കറ്റ് എടുത്തു. നാളെ വെളുപ്പിനാണ് ഫ്ലൈറ്റ്.

തലേദിവസം പെട്ടി അടുക്കുന്നതിനിടയിൽ കിട്ടിയ ഒരു സ്ക്രൂവും നട്ടും വെച്ച് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കയ്യിൽ ഇപ്പോൾ സ്ക്രൂ മാത്രമേയുള്ളൂ! നട്ട് എവിടെ പോയി? ഡോക്ടർ ഒന്ന് നോക്കണം.

“സംഗതി ഇരുമ്പാണോ?”

“അതേ.”

“അത് നന്നായി. എക്സ്-റേയിൽ കിട്ടും.”

"നന്നായെന്നോ?" അപ്പനും അമ്മാവനും പരസ്പരം നോക്കി. ഡോക്ടർ എന്താണീ പറയുന്നത്!

നാല് വയസ്സുകാരനെ പിടിച്ചിരുത്തി അബ്ഡോമിനൽ എക്സ്-റേ എടുത്തു. ദാ കിടക്കുന്നു... ഇടതു കുടലിൽ!

“എനിമ വെച്ച് എടുത്താലോ, ഡോക്ടർ?”

“ഇല്ല, പറ്റില്ല. കൊച്ചിന്റെ വയറിളക്കാൻ പറ്റില്ല.” ഡോക്ടറുടെ മറുപടി.

“ഞങ്ങൾ ESI-യിലേക്ക് പോയാലോ?”

“നിങ്ങളുടെ ഇഷ്ടം. പക്ഷേ, എല്ലായിടത്തും ഇതുതന്നെയാണ് ചികിത്സ.” ഡോക്ടർ അവരെ സമാധാനിപ്പിച്ചു.

“പോകുന്നില്ല ഡോക്ടർ. മാഡമാണ് ഈ കുട്ടിയെ വർഷങ്ങളായി ചികിത്സിക്കുന്നത്. മാഡം തന്നെ നോക്കിയാൽ മതി.”

നൈസായി ഒരു പണി ഒഴിഞ്ഞുപോകും എന്ന് വിചാരിച്ചത് തിരിച്ച് അതേ സ്പീഡിൽ വന്നുചേരുന്നത് ഡോക്ടർ മനസ്സിലാക്കി.

പേനയിൽ പിടിച്ചു കളിക്കുന്ന കുട്ടി ഇതൊക്കെ അറിയുന്നുണ്ടോ ആവോ.

“നട്ട് താഴെ കുടലിൽ എത്തിയിട്ടുണ്ട്. അപ്പിയിൽ കൂടി വരും. നിങ്ങൾ കഴിക്കാൻ വല്ലതും കൊടുത്തു നോക്കൂ.”

അതിനിടയിൽ കുട്ടിയുടെ അമ്മാവൻ വിസ പ്രോസസ് ചെയ്ത കമ്പനിയെ വിളിച്ചു. “കുട്ടി നട്ട് വിഴുങ്ങി. പോകാൻ പറ്റുമോ?”

“അയ്യോ, ഇല്ല! മെറ്റൽ ഡിറ്റക്ടറിൽ വരും. പറ്റില്ല!”

അമ്മാവൻ എയർപോർട്ടിൽ വിളിക്കുന്നു. ഫ്ലൈറ്റ് കമ്പനിയെ വിളിക്കുന്നു. എല്ലാവർക്കും ഒരേ ഉത്തരം. ഇതൊരു മെഡിക്കൽ എമർജൻസി ആണ്. ഇതു കഴിഞ്ഞു പോയാൽ മതി.

“ഞാൻ വേണേൽ ഒരു ലെറ്റർ തരാം. ഇത് 'നട്ട്' ആണെന്നും അത് പൊക്കോളും എന്നും. മതിയോ?”

“എന്തായാലും ഡോക്ടർ ലെറ്റർ തന്നേരെ,” അമ്മാവന്റെ മറുപടി.

വൈകുന്നേരം 6 മണി സമയം. ഒരു ബിഗ് ബോസ് സ്റ്റൈലിൽ രജിസ്റ്ററിൽനിന്ന് നമ്പർ തപ്പിയെടുത്ത് സഹല അവരെ വിളിച്ചു. “പോയോ...?”

“ഇല്ല മാഡം. കുട്ടി ഓടി കളിക്കുന്നു. അപ്പി പോയിട്ടില്ല.”

“ഏതായാലും നന്നായിട്ട് ഫുഡ് കൊടുക്ക്, പോരും.”

പെട്ടി കെട്ടണോ, തുണി തേക്കണോ? ടിക്കറ്റ് കാശ് പോകുമോ? അപ്പനും അമ്മാവനും ആകെ സന്ദേഹം. വെളുപ്പിന് ഒരുമണിക്കാണ് ആദ്യ ഫ്ലൈറ്റ്. രണ്ടെണ്ണം മാറിക്കയറണം. 28 മണിക്കൂർ യാത്ര. രണ്ടു-മൂന്ന് ലക്ഷത്തിന്റെ ഇടപാടാണ് ഒരു “നട്ടിൽ” മുടങ്ങാൻ പോകുന്നത്. കുട്ടി ഫുഡ് കഴിച്ചുകൊണ്ടേയിരുന്നു. 8:30-ന് കാർ വന്നു. സാധനങ്ങൾ എടുത്തു വെക്കണോ വേണ്ടയോ? ആകെ കൺഫ്യൂഷൻ.

(തുടരും)




Comments

No comments yet.

Post a Comment

Search This Blog


Top posts from past

test

The Archive

Browse by label ശേഖരം

ആകസ്മികതയിൽ ഒന്നായ
ഒരു ചങ്ങാതിക്കൂട്ടത്തിന്റെ
ആത്മകഥ